ഒരു നീന്തൽ അപാരത
- Sreelal TS
- Jul 4, 2013
- 2 min read
മുന്നോട്ട് വച്ച കാൽ ഒരിക്കലും പിന്നോട്ടു വയ്ക്കുന്ന പ്രശ്നമില്ല. എനിക്കതു ശീലമില്ല…. നീന്തലെങ്കിൽ നീന്തൽ! നമ്മുടെ നാട്ടിൽ തോട്ടിൽ കിടന്നു മറിയുന്നതു പോലെയല്ല… സംഗതി നീന്തലാണേലും, സ്ഥലം ഇംഗ്ലണ്ടാണു. കണ്ണ് മറയ്ക്കുന്ന കണ്ണാടിയും, ഒരു പാളത്തൊപ്പിയും, വെള്ളം കയറാത്ത സ്റ്റൈലൻ നിക്കറും വാങ്ങി. പത്തു മുപ്പതു പൗണ്ട് പോയാലെന്താ? നമ്മൾ അങ്കത്തിനു തയ്യാറാണെന്നു പ്രഖ്യാപിച്ചു കൊണ്ട് രായ്ക്കു രാമാനം ത്രിസന്ധ്യാ നേരത്തു തന്നെയുള്ള ഒരു ശുഭന്മുഹൂർത്തത്തിൽ ഞാൻ സ്വിമ്മിങ്ങ് പൂളിന്റെ കൗണ്ടറിൽ രജിസ്ട്രേഷനായി ഹാജരായി. രജിസ്ട്രേഷൻ കിടുപിടികൾ കഴിഞ്ഞപ്പോൾ, നമ്മുക്കു കോച്ചിനെ (കൊച്ചിനെ അല്ല) തിരഞ്ഞെടുക്കാമെന്നായി.. രണ്ട് പേരുകളാണു തന്നത്.. ഒരു പോൾ മാർട്ടിനും, പിന്നെ കാതറീനും… സംശയമെന്താ? കാതറീൻ തന്നെ നമ്മുടെ കോച്ച്.. ‘കാതരയായ കാതറീൻ’ … കൊള്ളാം. ഈശ്വരാ വീണ്ടും പരീക്ഷണമോ? ഒരു നിമിഷം, സ്വിമ്മിങ്ങ് പൂളിൽ കാതറീനുമായി നീന്തിത്തുടിക്കുന്ന കാര്യം ഒന്നു ഓർത്തു പോയി. കാൽവെള്ളയിൽ നിന്നും മൂർദ്ധാവു വരെ ഒരു കുളിരു കോരി. ഉള്ളിലിരുന്നു ദാസൻ “വിജയാ, നിനക്കീ ബുദ്ധി ‘ഇന്നലെ’ തോന്നാത്തതെന്താടാ?” എന്നായി… സ്വിമ്മിങ്ങിനു എന്തെന്നില്ലാത്ത ഒരു ഉന്മാദവും ഉന്മേഷവുമൊക്കെ വന്നു. ജീവിതത്തിനു ആകമാനം ഒരു അർത്ഥം കൈവന്നിരിക്കുന്നു.
കുളിയും തേവാരവുമൊക്കെ കഴിഞ്ഞു ഉള്ളിലെത്തിയപ്പോഴോ… അതിലും മനോഹരമായ കാഴ്ചകൾ. ജിമ്മിൽ കണ്ട അപ്സരുസ്സുകളെ സ്വിം സ്യൂട്ടിൽ കണ്ടതിന്റെ സന്തോഷം. സ്വന്തം വയർ മാക്സിമം അകത്തൊട്ട് വലിച്ചു പിടിച്ചു നടക്കുമ്പോൾ തന്നെ ചുറ്റിനുമൊരു സെൻസസ് എടുത്തു. എല്ലാ തരത്തിലും സൈസിലുമുള്ള അപ്സരസ്സുകളുണ്ടിവിടെ. ചെറുത്, വലുത്, പൊക്കമുള്ളത്, ഇല്ലാത്തതു, കറുത്തത്, ചുവന്നത്.. അങ്ങനെ പോകും. വി.കെ.ൻ ന്റെ ഭാഷയിൽ പറഞ്ഞാൽ “ആനന്ദ വല്ലി, തടിച്ചഴകി, ധിമ്മി, പരമസുന്ദരി, മന്തിപ്പാറു, പഞ്ചകല്യാണി” എന്നിങ്ങനെ. ഇതിനിടയിൽ നിലാവത്തു അഴിച്ചു വിട്ട കോഴിയെ പോലെ നാലഞ്ചു ഇന്ത്യാക്കാർ പ്രാഞ്ചി പ്രാഞ്ചി നടക്കുന്നുണ്ടായിരുന്നു. അവരും സെൻസസ് എടുക്കുകയാവും.
“നീന്തലറിയാമോ?” കാതറീന്റെ കർണ്ണകഠോരമായ ശബ്ദം. കാതറീനെ കണ്ടതോടു കൂടി ഞാൻ മസിലു വിട്ടു. അപ്സരസ്സു ഒരു താടകയായി രൂപം മാറി വന്ന പോലെയുണ്ട്. 100-150 കിലോ തൂക്കം. അതിനൊത്ത പൊക്കം. എന്നെ നീന്തലു പഠിപ്പിച്ചിട്ട് റിട്ടയർ ആവാൻ നിൽക്കുകയാണെന്നു തോന്നും പ്രായം കണ്ടാൽ. പണി പാലും വെള്ളത്തിൽ തന്നെ കിട്ടീ…
“നീന്തൽ കുറച്ചു അറിയാം..” കാറ്റു പോയ ബലൂൺ പോലെ ഞാൻ മൊഴിഞ്ഞു.
“കുറച്ചെന്നു പറഞ്ഞാൽ?” – അവർ മുരണ്ടു
“പണ്ട് പഠിച്ചതാ… മറന്നു പോയിക്കാണും” താഴ്മയായി ബോധിപ്പിച്ചു
“ഒരിക്കൽ പഠിച്ചാൽ മറക്കുന്നതല്ല നീന്തൽ, ഒന്നു നീന്തി കാണിക്കു” – നല്ല സ്നേഹമുള്ള പെരുമാറ്റം. ശരീരം പോലെ തന്നെ ശാരീരവും!
നീന്തൽക്കുളത്തിലേക്കു നോക്കുമ്പോൾ അവിടെ കറുത്ത രണ്ട് കണ്ടൻ പൂച്ചകൾ (നീഗ്രോകൾ) നീന്തിത്തുടിക്കുന്നു. കർത്താവേ, ഇവന്മാരുടെ ഇടയിലാണോ ഞാൻ ഇനി നീന്തൽ പഠിക്കേണ്ടത്?
മെല്ലെ വെള്ളത്തിലിറങ്ങി. എനിക്കാണെങ്കിൽ ഒറ്റ മൂച്ചിനു നീന്താനുള്ള വകുപ്പേ അറിയത്തുള്ളു. തല വെള്ളത്തിനടിയിൽ വച്ച് അലച്ചു തള്ളി ഒറ്റ വിടീലാണു. അപ്പുറത്തെത്തി തിരിഞ്ഞു നോക്കുമ്പോൾ, ഒരു ജല ഘോഷയാത്ര പോയ പ്രതീതിയാണു. എല്ലാവരും എന്നെ നോക്കി നിൽക്കുന്നു. കുളത്തിനു അഞ്ചു മീറ്റർ അകലെയുള്ള ഭിത്തിയിലും, വഴിയേ പോയ എല്ലാവരിലും ഞാൻ ജലം കൊണ്ട് ഒരു അഭിഷേകം തന്നെ നടത്തിയിട്ടുണ്ട്. കണ്ടൻ പൂച്ചകൾ നീന്തൽ അപ്പോൾ തന്നെ നിർത്തി കരക്കു കയറി. പാവങ്ങൾ… നീന്തൽ ഇന്നത്തോടെ വെറുത്തു പോയിക്കാണും! നീന്തുന്നതിടയിൽ മുറിഞ്ഞു മുറിഞ്ഞു കേട്ട ശബ്ദക്കഷണങ്ങൾ കാതറീൻ വിളിച്ച തെറിയാണെന്നു തോന്നുന്നു.
“ആരാ നിന്നെ നീന്തൽ പഠിപ്പിച്ചേ?” കാതറീൻ വീണ്ടും മുരണ്ടു. അച്ഛനാണെന്നു പറഞ്ഞില്ല.. ചിലപ്പോൾ തന്തക്കു വിളിച്ചാലോ?
“------------“ (ദാസൻ ഇപ്പോൾ ഉള്ളിലിരുന്നു ഒന്നും മിണ്ടുന്നില്ല)
“നീ കമിഴ്ന്ന് നീന്തിയതു മതി. ഇനി മലർന്നു നീന്തൂ”
“അതു വശമില്ല”
ജനിച്ചു വീണു മൂന്നു മാസം മുതൽ കമിഴ്ന്നു നീന്തി മാത്രം ശീലിച്ച എനിക്കു മലർന്നു നീന്തുക എന്നത് എന്നും ഒരു ബാലികേറാമലയായിരുന്നു. ഹിഡുംബി വിടാൻ ഭാവമില്ല… ഉടുമ്പു പിടിച്ച പോലെ നിൽക്കുവാണു. മലർന്നു കിടന്നു നീന്താനുള്ള പരിശീലനം ഒരു അഗ്നി പരീക്ഷയായിരുന്നു. മുങ്ങിയും പൊങ്ങിയും വെള്ളം കുടിച്ച് കയ്യും കാലും കുഴഞ്ഞു ഒരു പരുവമായി. അവർ കരക്കു നിന്നു നിർദ്ദേശങ്ങൾ തന്നു കൊണ്ടിരുന്നു. ചെവിയിൽ വെള്ളം കേറിയതിനാൽ അവർ പറയുന്നതിൽ പകുതി മുക്കാലുമേ കേൾക്കുന്നുള്ളു. അതിന്റെ കൂടെ ഒടുക്കത്ത ആക്സന്റും. വാക്കുകളെല്ലാം മൂക്കിനകത്ത് കൂടിയെടുത്ത് അണ്ണാക്കിലിട്ട് കറക്കിയാണു അവർ പുറത്തേക്കെറിയുന്നതു. ഒരുമാതിരി അഴകൊഴാന്നു..
“മതി, ഇനി കരക്കു കയറി വാടേ…”
കേട്ട പാടെ വലിഞ്ഞു കയറി ഓരമായി നനഞ്ഞ കോഴിയെ പോലെ നിന്നു. തണുത്തിട്ട് കിടു കിടാ വിറയ്ക്കുന്നുണ്ടായിരുന്നു. അവർ അകത്ത് പോയി ഒരു റബ്ബർ ഷീറ്റെടുത്ത് തറയിൽ വിരിച്ചു. എനിക്കു സംഗതി മനസ്സിലായില്ല.
“കയറി മലന്നു കിടക്കൂ”
ഈശ്വരാ, ഇനി ഇന്നലെ ഒരു ചങ്ങാതി പറഞ്ഞ പോലെ സ്ട്രെച്ചറിൽ കയറ്റി മൂക്കിൽ പഞ്ഞിയും വച്ചു വീട്ടിൽ വിടാനാണോ? രണ്ടും കൽപ്പിച്ച് കയറികിടന്നു. കണ്ണടച്ചു. പ്രാർത്ഥന ചൊല്ലി.
“ഇങ്ങനെ കിടന്നാണു മലന്ന് നീന്തേണ്ടതു. ശരീരം ഫ്ലാറ്റായിരിക്കണം. ഇനി പോയി നീന്തൂ”
എനിക്കു നല്ല ശുണ്ഠി വന്നു! “ഇതങ്ങ് പറഞ്ഞാൽ പോരായിരുന്നോ? അതിനായി എന്നെ ഇങ്ങ് കരക്കു വലിച്ചു കയറ്റണമായിരുന്നോ?”
“അതല്ലേടാ പുല്ലേ കഴിഞ്ഞ അര മണിക്കൂറായി ഞാൻ കരയിൽ നിന്നു വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നെ!!!” താടക ഒരു പൂതനയായി!
“വിജയാ, ഇത് കാതരയായ കാതറീൻ അല്ല, വെറും കൂതറയായ കാതറീൻ ആണു!!!” ഉള്ളിലിരുന്നു ദാസൻ വിതുമ്പീ…
(ശുഭം)
July 4, 2013



Comments