top of page

ഒരു നാനോ കഥ

  • Sreelal TS
  • Aug 26, 2021
  • 1 min read

Updated: Oct 5


ree

എറണാകുളത്ത് ഇരുമ്പനത്തുള്ള പെട്രോൾ പമ്പിൽ നാനോയ്ക്ക് പെട്രോൾ അടിച്ച ശേഷം കാർഡ് ഉരച്ചു കൊണ്ടിരിക്കുമ്പോഴാണ് പുറകിൽ ഒരു വിതുമ്പൽ കേട്ട പോലെ തോന്നിയത്!

നാനോയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് പോലെ....

" കൊച്ചു മുതലാളി.." - നാനോയ്ക്ക് ഗദ്ഗദം !

"ആദ്യമായിട്ടാണ് എൻറെ fuel guage കറങ്ങി Full ൽ ചെന്ന് മുട്ടുന്നത് "

"നമ്മൾ തിരുവനന്തപുരം വരെ പോവുകയാണെടീ" - ഞാൻ ആ സർപ്രൈസ് പൊട്ടിച്ചു!

"തിരുവനന്തപുരത്തേക്ക് എൻറെ കൂടെ " . ഇതുവരെ കൊച്ചി വിട്ടു പുറത്തു പോയിട്ടില്ലാത്ത അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല - "അപ്പോൾ, മുതലാളിയുടെ ബെൻസും, സ്കോഡയുമൊക്കെ...?"

"നീയല്ലേ എൻറെ ആദ്യത്തെ പ്രണയം? ആദ്യത്തെ പ്രണയം സ്പെഷ്യൽ അല്ലേ? അവരൊക്കെ പിന്നെ വന്നതല്ലേ ?" ഞാനും കുറച്ച് ഇമോഷണൽ ആയ പോലെ...."

"ഇത്രയും നാൾ മഴയും കാറ്റും കൊണ്ട് ഞാൻ പുറത്ത് കിടന്നപ്പോൾ ഒന്നും ..." ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങിന്നുള്ള പുറപ്പാടാണ്.

ഞാൻ പെട്ടെന്ന് ഇടപെട്ടു : "അത് പിന്നെ, നിന്നെപ്പോലെ അവർക്ക് അത്ര ആരോഗ്യം ഒന്നുമില്ല. വെറും തകിട്. തൊലി വെളുപ്പും മേക്കപ്പും അല്ലേ മൊത്തം ! ഒരു മഴ നനഞ്ഞാൽ ഫുൾ ഒലിച്ചു പോകും. അതുപോലെയാണോ നിൻറെ നാടൻ സൗന്ദര്യം?"

"മൂടും കുലുക്കി നടക്കുന്നത് കണ്ടപ്പോഴേ തോന്നി. ജർമ്മൻ ആണത്രേ ജർമൻ ! വെറും മച്ചികൾ!" 10 km ഓടി വന്നതിൻ്റെ കിതപ്പിനിടയിൽ കൂടി അവൾ പറഞ്ഞൊപ്പിച്ചു. മൂട് കുലുക്കി പ്രയോഗം എനിക്കിഷ്ടപ്പെട്ടു. ഡിക്കി ഇല്ലാത്തത് നാനോയ്ക്ക് എന്നും പോരായ്മയായിരുന്നു. ഡിക്കി ഉള്ള വണ്ടികളോട് അവൾക്ക് അത്യാവശ്യം കുശുമ്പും ഉണ്ടായിരുന്നു.

"മൂടിൽ എന്ത് കാര്യം! നിൻ്റെ പെർഫോമൻസിൻ്റെ അടുത്തെത്താൻ അവർക്ക് ഈ ജന്മം പറ്റുമോ? പറ്റുമോന്ന്?" ഞാൻ കണ്ണിറുക്കി.

അതങ്ങ് ഏറ്റു! അവൾ മൂക്കു ചീറ്റി. ചിറി തുടച്ചു. കണ്ണുകൾ വിടർത്തി പറഞ്ഞു -"വാ... പോകാം"

********

ഞങ്ങൾ അങ്ങനെ മിണ്ടിയും പറഞ്ഞും 8-10 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്തി !!

ശുഭം.


Comments


bottom of page