Tata certified driver
- Sreelal TS
- Dec 2, 2014
- 1 min read
ഇനി മുതൽ ഈയുള്ളവൻ ഭാര്യക്ക് Tata Nano ഓടിക്കാൻ അറിയില്ല എന്നു പറഞ്ഞു കളിയാക്കുകയില്ല. കീഴടങ്ങിയിരിക്കുന്നു. രണ്ട് കയ്യും പൊക്കി കീഴടങ്ങിയിരിക്കുന്നു. എന്തെന്നാൽ അവൾ കഴിഞ്ഞയാഴ്ച മുതൽ “Tata certified driver” ആയിരിക്കുന്നു. ഒരു പട്ടി കുറുകെ ചാടുമെന്നു വിചാരിച്ച് (ആക്റ്റ്വലി അതു ചാടിയില്ല) സഡൻ ബ്രേക്കിട്ടതാ.. സ്റ്റീറിംഗിൽ മുഖമടച്ച് ഒരു ചുംബനം. സ്റ്റീറിംഗിന്റെ ഒത്ത നടുക്കുള്ള tata logo നെറ്റിയിൽ തന്നെ പതിഞ്ഞു. നെറ്റിയിൽ സീൽ പതിഞ്ഞതോടെ സർട്ടിഫിക്കേഷൻ കാര്യപരിപാടികൾ പൂർത്തിയായി. അന്നേരം തന്നെ ഞാൻ ഇറങ്ങി നടന്നു ഓഫീസിൽ പോയി. ഇനി പേടിക്കാനില്ല. ഒരു പോലീസുകാരനും Tata certified ഡ്രൈവറെ പിടിക്കാനുള്ള ചങ്കൂറ്റമുണ്ടാവില്ല…
ഇതിനു ശേഷം ഡ്രൈവിങ്ങിന്റെ രൂപവും ഭാവവും മാറിയിരിക്കുന്നു.. ഏതാനും ഉദാഹരണങ്ങൾ താഴെ:
- മെട്രൊ പണി കാരണം ചൊവ്വയുടെ ഉപരിതലം പോലെയിരിക്കുന്ന MG റോഡിലൂടെ പോവുമ്പോൾ – “ ഈ മുന്നിൽ പോവുന്ന BMW എന്തുവാ ഈ ഇട്ട് ഉരുട്ടി കളിക്കുന്നേ!!” എന്ന് ഉച്ചത്തിൽ ഡയലോഗ് കാച്ചി രോഷം പ്രകടമാക്കുക
- ഓവർടേക്ക് ചെയ്യുമ്പോൾ ഇടത്ത് വശത്തെ മിറർ ചെറുതായ് ഒന്നു അടുത്ത വാഹനത്തിൽ ഉരസുക (അവളുടെ അച്ഛൻ ഒരു പേരു കേട്ട ഒരു കമ്മ്യൂണിസ്റ്റുകാരനായതിനാൽ കുടുംബപരമായി ഇടത്തോട്ട് ഒരു വലിവ് ഉണ്ട്)
- കൊച്ചിയിലെ ചുവപ്പ് ബസ്സുകാരുമായി മത്സര ഓട്ടം നടത്തുക. പലപ്പോഴും അവർ പേടിച്ച് പിന്മാറി
- സൈഡ് റോഡിൽ നിന്നും വന്നു മെയിൻ റോഡിൽ കുത്തിക്കയറ്റാൻ വേണമെങ്കിൽ ഒരു ക്ലാസ്സ് എടുത്ത് തരും. (മറ്റുള്ളവരുടെ മുഖത്തു നോക്കിയാലല്ലെ അവർക്ക് പേടിപ്പിക്കാൻ പറ്റുകയുള്ളൂ?)
- Etc
കാര്യങ്ങൾ ഇതു വരെ ആയതോടു കൂടി ഞാൻ പറഞ്ഞു … ഇനി നിനക്ക് നിന്റെ വഴി! നീ സ്വതന്ത്ര ആയിരിക്കുന്നു. Tata Certified Driver ആയ നിനക്ക് തനിയേ nano ഓടിച്ചു ഓഫീസിൽ പോകാം.. ഞാൻ എന്റെ ബൈക്കിലും. അങ്ങനെ ഇന്നു രാവിലെ കൃത്യം 8:45നു ഞങ്ങൾ വേർപിരിഞ്ഞു. കിറു കൃത്യം 8:55നു കാക്കനാട് സിഗ്നലെത്തിയപ്പോൾ ഞാൻ അല്പം മുമ്പേ കയറി. ചുവപ്പ് തെളിഞ്ഞതിനാൽ ഞാൻ റോഡിന്റെ മധ്യഭാഗത്തായി നിർത്തി വലത്ത് വശത്തായി ഭാര്യക്ക് കടന്നു വരാൻ യഥേഷ്ടം സ്ഥലവും റിസർവ് ചെയ്തു നിന്നു. ഠിം! പുറകിൽ കൂടി അവൾ നമ്മുക്കിട്ട് തന്നെ പണി തരുമെന്ന് വിചാരിച്ചില്ല. കുടുംബപരമായിട്ടുള്ള ഇടത് ചായ്വ് ഞാൻ ഓർത്തില്ല..
ഗുരുദക്ഷിണയും വാങ്ങി ഞാൻ അന്നേരം തന്നെ നിലത്തു കിടന്ന ബൈക്കുമെടുത്ത് സ്ഥലം വിട്ടു!!!
Dec 2 , 2014



Comments